ഫാബ് ലാബുകളുടെ പ്രാധാന്യം

Printing ഇന്ന് നമുക്ക് എല്ലാവർക്കും സുപരിചിതമാണല്ലോ. എന്നാൽ അത്രക്ക് സുപരിചിതമല്ലാത്തതും എന്നാൽ വരും കാലങ്ങളിൽ നമ്മുടെ ജീവിതത്തിനെ ആകെമൊത്തത്തിൽ മാറ്റിമറിക്കുവാൻ പ്രാപ്തിയുമുള്ള ഒരു printing സാങ്കേതികവിദ്യയാണ് ഞാൻ ഇന്ന് നിങ്ങൾക്കു പരിചയത്തിപ്പെടുത്തിത്തരുവാൻ ഉദ്ദേശിക്കുന്നത്

3D Printing സാങ്കേതിക വിദ്യ

നമ്മുടെ വീടുകളിലും ഓഫീസുകളിലും കാണപ്പെടുന്ന പ്രിന്ററുകൾ വഴി പേപ്പറുകളിൽ Print ചെയ്യുന്ന അതേ ലാഘവത്തോടു കൂടെ നമ്മുടെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഭൗതിക വസ്‌തുക്കൾ ‘print’ ചെയ്തു എടുക്കാവുന്ന 3D printing സാങ്കേതികവിദ്യ ഇന്ന് നിലവിലുണ്ട്. അതിനുതകുന്ന പ്രേത്യേകം 3D printer കളുമുണ്ട്. നിർമ്മിക്കേണ്ട വസ്തുവിന്റെ design file ഇന്റർനെറ്റ് വഴിയോ മറ്റേതെങ്കിലും വിധമോ തരപ്പെടുത്തി upload ചെയ്യുകയേ വേണ്ടൂ. ബാക്കിയെല്ലാം കംപ്യൂട്ടർ നോക്കിക്കോളും. പരന്പരാഗത ഉല്പാദനപ്രക്രിയകളുടെ സാങ്കേതിക പരിമിതികളാൽ നിർമ്മിക്കുവാൻ സാധ്യമല്ലാതിരുന്ന സങ്കീർണ്ണ ഡിസൈനുകളും 3D printing മാർഗ്ഗത്തിലൂടെ അനായാസേന നിർമ്മിക്കുവാൻ സാധിക്കുന്നു. ഇത്തരം 3D printer കളുടെ പ്രവർത്തനം ചിത്രീകരിച്ചിരിക്കുന്ന വീഡിയോകൾ ഇന്ന് YouTube ൽ സുലഭമായി ലഭ്യമാണ്.

കളമശ്ശേരിയിലെ FabLabൽ 3D പ്രിൻറർ ഉപയോഗിച്ച് താൻ നിർമ്മിച്ച കളിപ്പാട്ടവുമായി പ്രവീൺ ശ്രീധർ

കളിപ്പാട്ടങ്ങളും അലങ്കാര ആഭരണങ്ങളും മുതൽ പാത്രങ്ങളും അടപ്പുകളും വരെയുള്ള ഒട്ടുമിക്ക സാധനങ്ങളും ഇതുയോഗിച്ചു പ്രിന്റ് ചെയ്തെടുക്കാൻ സാധിക്കുന്നു. ഇന്ന് പ്ലാസ്റ്റിക്കിനാൽ നിർമ്മിച്ചിരിക്കുന്ന എല്ലാംതന്നെയും ലോഹത്തിലോ തടിയിലോ നിർമ്മിക്കപ്പെടുന്ന നല്ലൊരു ശതമാനം വസ്‌തുക്കളും 3D printing മുഖേന നിർമ്മിക്കാവുന്നവയുടെ പട്ടികയിൽപ്പെടും. നമ്മുടെ TV remote ന്റെ ബാറ്ററി കവർ കാണാതെ പോകുന്പോൾ പുതിയ ഒരെണ്ണം വാങ്ങുവാൻ കടയിൽ പോകുയായോ, പ്ലാസ്റ്റിക് ടേപ്പുകൾ വച്ച് ഒട്ടിക്കുകയോ ചെയ്യുന്നതിനു പകരം അതിന്റെ മോഡൽ നന്പർ ഉപയോഗിച്ച് ഇൻറർനെറ്റിൽ നിന്നും design ഫയൽ കണ്ടെത്തി വീട്ടിലിരിക്കുന്ന അല്ലെങ്കിൽ അടുത്തുള്ള DTP കടയിലുള്ള 3D പ്രിന്ററിൽ നിന്ന് ഒരു കോപ്പി പ്രിന്റ് എടുത്തു ഉപയോഗിക്കുന്ന സാഹചര്യം വിദൂരമല്ല.

വൻ കുതിപ്പുകളാണ് 3D printing സാങ്കേതിക വിദ്യയുടെ മേഖലയിൽ വന്നു കൊണ്ടിരിക്കുന്നത്. ഇരുപത്തിനാലു മണിക്കൂറുകൾക്കുള്ളിൽ ഒരു വീട് മുഴുവനായി print ചെയുന്ന 3D printer കൾ ഇന്ന് നിലവിലുണ്ട്. Printing നു ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ പുനഃചംക്രമണം ചെയ്തു വീണ്ടും ഉപയോഗിക്കാവുന്ന മാർഗ്ഗങ്ങളാണ് ഗവേഷകരുടെ മറ്റൊരു ശ്രദ്ധാകേന്ദ്രം. ഇതിന്റെയും എല്ലാത്തിനും അപ്പുറത്തു ഭക്ഷണം പ്രിന്റ് ചെയ്‌യുന്നതും മനുഷ്യ അവയവങ്ങൾ പ്രിന്റ് ചെയ്യുന്നതുമായ 3D printer കളും ഇന്ന് ഗവേഷണ ശാലകളിൽ വിജയപ്രദമായി പരീക്ഷിക്കുകയും ചെയ്തിരിക്കുന്നു.

മൂന്നാം വ്യവസായ വിപ്ലവം

3D printing വഴിയുള്ള നിർമാണത്തിന്റെ ചിലവും സമയവും ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ഇന്ന് ചുരുങ്ങിയിട്ടില്ല. വരും കാലങ്ങളിൽ ഈ വസ്‌തുതകൾ മെച്ചപ്പെടുത്തുന്നതിന് ഗവേഷകർ പ്രയത്‌നിച്ചു വരുന്നു. ഇന്ന് ഇത്തരം printer കളുടെ വില അറുപതിനായിരം രൂപ വരെ താഴ്ന്നിരിക്കുന്നുവെങ്കിൽ വരുന്ന ഏതാനും വർഷങ്ങൾക്കകം തന്നെ ഇവയുടെ വില ഇന്ന് സാധാരണ printer കളുടേതുപോലെ അയ്യായ്യിരം രൂപയിലേക്കു താഴുമെന്നാണ് കണക്കുകൂട്ടപ്പെടുന്നത്. എല്ലാം ഒത്തുവരുന്ന സാഹചര്യത്തിൽ 3D പ്രിന്ററുകൾ ഇന്ന് ഗ്യാസ് stove അല്ലെങ്കിൽ മൊബൈൽ ഫോണുകൾ പോലെ ആർക്കും മേടിക്കാനാവുന്ന ഒന്നും നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകവുമായിത്തീരുകയും ചെയ്യും

കംപ്യൂട്ടറുകളുടെയും മൊബൈൽ ഫോണുകളുടെയും ഉത്ഭവത്തോടു കൂടി ലോകം വിവരസാങ്കേതിക മേഖലയിൽ വളരെ വലിയ മാറ്റങ്ങൾക്കു സാക്ഷിയായത് പോലെ, 3D printing സാങ്കേതിക വിദ്യ പൂർണ്ണ വളർച്ച ആർജിക്കുന്നതോടെ അതിലും വലിയ ഒരു മാറ്റം ഇന്ന് ഫാക്ടറികൾ അധിഷ്ഠിതമായി പ്രവർത്തിച്ചു വരുന്ന ഉല്പാദന മേഖലയിലും നമുക്ക് കാണുവാൻ സാധിക്കും. ഇത്തരത്തിൽ നിരീക്ഷിക്കുന്പോൾ നമ്മുടെ സമൂഹത്തിന്റെ സാംസ്‌കാരിക സാന്പത്തിക ഘടനയെത്തന്നെ പൊളിച്ചെഴുതാൻ ശക്തിയുള്ള ഒരു സാങ്കേതിക വിദ്യതന്നെയാണ് 3D printing. ഒരു മൂന്നാം വ്യവസായ വിപ്ലവം തന്നെയാണ് അപ്പോൾ നമ്മളെ കാത്തിരിക്കുന്നത്.

ഡിജിറ്റൽ manufacturing ലാബുകളുടെ ആവശ്യകത

എൺപതുകളിലും തൊണ്ണൂറുകളിലും നമ്മുടെ സ്കൂളുകളിൽ ഉൾപ്പെടെ കംപ്യൂട്ടർ ലാബുകൾ സ്ഥാപിക്കുവാനും സന്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുവാനും നമ്മൾ തീരുമാനിച്ചതിന്റെ ഫലമായാണ് ഇരുപതാം നൂറ്റാണ്ടിൽ വിവരസാങ്കേതിക മേഖലയിൽ ലോകത്തുണ്ടായ കുതിപ്പിൽ നമുക്ക് നേട്ടം കൊയ്യാനായത്. അതുപോലെ വരും കാലങ്ങളിൽ 3D printing പോലുള്ള സാങ്കേതിക വിദ്യകൾ നമ്മുടെ സാധാരണ ജീവിതത്തിലും തൊഴിൽ — വ്യവ്യസായ മേഖലകളിലും ചെലുത്തുവാൻ പോകുന്ന സ്വാധീനം കണക്കിലെടുത്തു നമ്മുടെ ജനതയെ അത്തരമൊരു ലോകത്തിൽ പ്രസരിക്കുന്നതിനു പര്യാപ്തമാക്കേണ്ടതിന്റെ ആവശ്യകത ഇന്ന് നമുക്കുണ്ട്. ഇതിനായുള്ള ആദ്യ ചുവടുകൾ കേരളം എടുത്തു കഴിഞ്ഞിരിക്കുന്നു.

കേരളത്തിലെ ഫാബ് ശൃംഖല

3D printing ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ നേരിട്ട് അനുഭവിക്കുന്നതിനും പരിശീലിക്കുന്നതിനുമായുള്ള ലാബുകളാണ് FabLab കൾ. ഇത്തരത്തിലുള്ള രണ്ടു ലാബുകളാണ് M.I.T സർവകലാശാലയുമായുള്ള പങ്കാളിത്തത്തിൽ സംസ്ഥാന സർക്കാർ സജ്ജമാക്കിയിരിക്കുന്നത്. ഒന്ന് തിരുവന്തപുരം technopark ലും മറ്റേതു കളമശ്ശേരി ടെക്നോളജി ഇന്നോവേഷൻ zone ലും സ്ഥിതി ചെയ്യുന്നു.

ഇത്തരം ലാബുകൾ നമ്മുടെ വിദ്യാഭ്യാസ സ്ഥാപങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനായി ഒരു പദ്ധതിയും ഇന്ന് സർക്കാർ നടപ്പിലാക്കി വരുന്നു. കേരള ടെക്നോളോജിക്കൽ സർവകലാശാലയുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ ഇരുപത്തിയഞ്ചു എഞ്ചിനീയറിംഗ് കോളേജുകളിൽ Mini FabLab കൾ സ്ഥാപിക്കുന്നതായിരിക്കും.

Startup Policy പ്രകാരമുള്ള മാനവവിഭവശേഷി വികസന പദ്ധതികളുടെ ഭാഗമായാണ് Fab ലാബും അനുബന്ധ പരിപാടികളും. ഇത്തരം സാങ്കേതിക വിദ്യയിൽപ്രാവീണ്യം നേടിയ പരിശീലകർ കൂടി നമ്മുടെ നാട്ടിൽ തന്നെ ഉണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനും ശ്രദ്ധ നൽകിയിട്ടുണ്ട്. M.I.T സർവകലാശാലയുടെ തന്നെ FabAcademy പരിശീലനത്തിനുള്ള സ്കോളർഷിപ് നൽകുകയാണ് ചെയ്യുന്നത്. ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി 25 പേർ ഇതിനകം FabAcademy പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞു.

പരിശീലനം നേടുന്നതിനുള്ള ഏറ്റവും നല്ല മാർഗം എന്ന് പറയുന്നത് FabLab സൗകര്യം ഉപയോഗിച്ച് ചെയ്യാവുന്ന ഒരു project ൽ ഏർപ്പെടുക എന്നതാണ്. മാർഗ്ഗനിർദ്ദേശം നൽകുന്നതിനായി FabAcademy പരിശീലനം പൂർത്തിയാക്കിയവരുടെയും FabLab അധികൃതരുടെയും സഹായം ലഭ്യമാവും. നിങ്ങൾക്കു സ്വന്തമായി ഉള്ള പ്രൊജക്റ്റ് idea വച്ചോ, അങ്ങനെ ഇല്ലെങ്കിൽ അവർ നിർദ്ദേശിക്കുന്ന project കളിൽ നിന്നൊന്നു തിരഞ്ഞെടുത്തോ തുടങ്ങാവുന്നതാണ്. പഠനത്തിൽ നിങ്ങൾ ഊന്നൽ നൽകേണ്ടത് വിവിധ തരം software കൾ ഉപയോഗിച്ച് ആശയങ്ങൾ ഡിജിറ്റലായി രൂപകൽപന ചെയ്യുന്നതിലാണ്. നമ്മൾ സങ്കല്പിച്ചു രൂപകൽപന ചെയ്യുന്ന ആശയങ്ങൾ കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടെ പരിമിതമായ സാങ്കേതിക പരിചയം വച്ച് തന്നെ സുഗമമായി സൃഷ്ട്ടിക്കാൻ സാധിക്കുന്നു എന്നത് തന്നെയാണ് ഡിജിറ്റൽ ഫാബ്രിക്കേഷൻ സാങ്കേതികവിദ്യകൾ നമുക്ക് പ്രദാനം ചെയ്യുന്ന അവസരവും.

FabLab സന്ദർശിക്കാം

FabLab കളെപ്പറ്റിയും ഡിജിറ്റൽ manufacturing നെപ്പറ്റിയും കൂടുതൽ അറിയുന്നതിനായി തിരുവനന്തപുരത്തോ കളമശ്ശേരിയിലോ ഉള്ള FabLab സന്ദർശിക്കാവുന്നതാണ്. വ്യക്തിയെന്ന നിലയിലോ അല്ലെങ്കിൽ ഒരു സ്ഥാപനത്തിൽ നിന്ന് ഒരു tour എന്ന നിലയിലോ സന്ദർശിക്കുന്നതിനായി അതതു FabLab മാനേജർമാർക്ക് അപേക്ഷ നൽകാം. അപേക്ഷ നൽകുന്നതിൽ സഹായിക്കുന്നതിനും പ്രക്രിയ സുഗമമാക്കുന്നതിനും കേരള സ്റ്റാർട്ടപ്പ് മിഷൻ ഫെല്ലോഷിപ്പിന്റെ ഭാഗമായിട്ടുള്ള 14 പേരിൽ ആരെയെങ്കിലും സമീപിക്കാവുന്നതാണ്. ഇവരിൽ മൂന്ന് പേർ FabAcademy പരിശീലനം പൂർത്തിയാക്കിയിട്ടുള്ളവരുമാണ്. ഇവരുമായി കൂടിക്കാഴ്ചയോ ആശയവിനിമയമോ നടത്തുന്നത് വഴിയും നിങ്ങൾക്കു ഈ മേഘലയെപ്പറ്റി കൂടുതൽ അറിവ് ലഭിക്കുന്നു. ഇവരെയാരെയും തന്നെ നിങ്ങളുടെ സ്ഥാപനങ്ങളിലേക്കു സംഭാഷണ പരിപാടികൾക്ക് ക്ഷണിക്കാവുന്നതുമാണ്.