HP ഗ്യാരേജിന്റെ മുൻപിൽ സ്ഥിതിചെയ്യുന്ന ലോഹഫലകത്തിനു സമീപം
കാലിഫോർണിയയിൽ സിലിക്കൺ വാലിയുടെ ജന്മസ്ഥാനം എന്ന് വിശേഷിപ്പിക്കുന്ന ഒരു കൊച്ചു ഇടമുണ്ട്. ഇന്ന് HP (Hewlett Packard) എന്ന പേരിൽ അറിയപ്പെടുന്ന ലോകപ്രശസ്തമായ കന്പനിയുടെ ഉറവിടമായ ആ ഗ്യാരേജിനെയാണ് അങ്ങനെ വിശേഷിപ്പിക്കപ്പെടുന്നത്. stanford സർവകലാശാലയിൽ നിന്നും നടക്കാവുന്ന ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കാലിഫോർണിയ സ്‌റ്റേറ്റും അമേരിക്കൻ രാജ്യവും ചരിത്രപ്രാധാന്യമുള്ളതായി പ്രഖ്യാപിച്ച ഈ ഇടം സന്ദർശിക്കുന്പോൾ അവിടെ ഒരു ലോഹഫലകത്തിൽ സിലിക്കൺ വാലിയുടെ ഉത്ഭവത്തിന്റെ ചരിത്രം ചുരുക്കത്തിൽ വായിച്ചറിയാൻ സാധിക്കും.
HP യുടെ സ്ഥാപകരായ William Hewlett ഉം David Packard ഉം അവരുടെ ആദ്യത്തെ പ്രോഡക്റ്റായ ഓഡിയോ oscillator വികസിപ്പിച്ചു തുടങ്ങിയത് ഈ ഗ്യാരേജിൽ നിന്നാണ്. ഇവർ stanford വിദ്യാർത്ഥികൾ ആയിരിക്കെ തന്നെയാണ് ഇത്. ഒരു പക്ഷെ സിലിക്കൺ വാലിയിലെയോ അമേരിക്കയിലോ തന്നെ ആദ്യത്തെ വിദ്യാർത്ഥി സംരംഭകരും ഇവർ തന്നെ ആയിരുന്നേക്കാം. പഠിച്ചുകൊണ്ടിരിക്കുന്പോൾ തന്നെ സംരംഭക പ്രയാണത്തിൽ ഏർപ്പെടാൻ വരും കാല വിദ്യാർത്ഥികൾക്ക് പ്രചോദനമായത് ഈ രണ്ടു വിദ്യാർത്ഥി മിടുക്കരാണ്. ഇതിന്റെയെല്ലാം പരിണിത ഫലമായി ഉടലെടുത്ത ശാസ്‌ത്രസാങ്കേതികവിദ്യ അധിഷ്ഠിത സംഭരകത്വവും വിദ്യാർത്ഥി സംരംഭകത്വ സംസ്കാരവുമാണ് ആ പ്രദേശത്തിനു സിലിക്കൺ വാലി എന്ന വിളിപ്പേര് തന്നെ നൽകിയത്.
വിദ്യാർത്ഥികളായിരിക്കെ തന്നെ സംരംഭങ്ങൾ തുടങ്ങുന്നതിനു മറ്റുള്ളവർക്ക് പ്രചോദനമായ ഇവർക്ക് എന്തായിരുന്നു പ്രചോദനം എന്ന ചോദ്യത്തിന്റെ ഉത്തരവും ആ ലോഹഫലകത്തിലുള്ള വിവരണക്കുറിപ്പിൽ നിന്ന് തന്നെ നമുക്ക് ലഭിക്കും. ഒരു വ്യക്തിയുടെ പേരാണ് നമുക്ക് കാണുവാൻ സാധിക്കുന്നത് — Frederick Terman
ഫാദർ ഓഫ് സിലിക്കൺ വാലി
Stanford സർവകലാശാലയിലെ ഒരു പ്രൊഫസർ ആയിരുന്നു Terman. സിലിക്കൺ വാലിയുടെ പിതാവെന്നാണ് ഇദ്ദേഹത്തെ വിശേഷിക്കപ്പെടുന്നത്. അമേരിക്കയുടെ മറ്റു ഭാഗങ്ങളിൽ പോയി ജോലി ചെയ്യുന്നതിന് പകരം അവിടെ തന്നെ നിന്ന് കൊണ്ട് സ്വന്തമായി ഇലക്ട്രോണിക്സ് സ്ഥാപനങ്ങൾ തുടങ്ങിക്കൂടേ എന്ന ആശയം വിദ്യാർത്ഥികളിൽ പ്രചരിപ്പിക്കുകയും അവരെ അതിനു പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നത് Terman ആയിരുന്നു. അങ്ങനെ Terman ന്റെ വാക്കുകളുടെയും പ്രോത്സാഹങ്ങളുടെയും ഫലമായി സംരംഭം തുടങ്ങുന്നതിനായി മുന്നോട്ടു വന്ന അനേകം വിദ്യാർത്ഥികളിൽ ആദ്യത്തെ രണ്ടു പേരായിരുന്നു നമ്മുടെ രണ്ടു HP സ്ഥാപകർ. അവരിൽ പലർക്കും വേണ്ടുന്ന മൂലധനം തന്റെ സ്വന്തം സന്പാദ്യത്തിൽ നിന്നും നൽകിയിരുന്നതും Terman തന്നെ ആയിരുന്നു.
പിന്നീട് Stanford സർവകലാശാലാ Dean ആയിരിക്കുന്പോൾ Terman ന്റെ നേതൃത്വത്തിൽ ആവശ്യകമായ ലാബുകൾ തിട്ടപ്പെടുത്തുകയും Stanford Industrial Park എന്ന ആശയം നടപ്പിലാക്കി അതിലേക്കു മികച്ച HiTech സ്ഥാപനങ്ങളെ ആകർഷിക്കുകയും ചെയ്തു. ഗവേഷണത്തിനായി ധാരാളം ഗ്രാന്റ് പണം സർക്കാരിൽ നിന്ന് നേടിയെടുക്കുവാനും അദ്ദേഹത്തിന് സാധിച്ചു. അങ്ങനെ സിലിക്കൺ വാലി എന്ന ആശയത്തിന് രൂപം നൽകുകയും നാനാവിധത്തിലുള്ള പരിശ്രമങ്ങൾ വഴി അതിന്റെ സാക്ഷാത്ക്കരണത്തിൽ സുപ്രധാന പങ്കു വഹിക്കുകയും ചെയ്‌ത Terman നെ സിലിക്കൺ വാലിയുടെ പിതാവായി തന്നെ കണക്കാക്കപ്പെടുന്നു.
സിലിക്കൺ വാലി സംസ്കാരത്തിലെ ഇന്ത്യൻ കൈപ്പട
ഒരു ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായിട്ടാണ് ഞാൻ ആദ്യമായി സിലിക്കൺ വാലി സന്ദർശിക്കുന്നതും അവിടുത്തെ സംസ്കാരം നേരിട്ട് അനുഭവിച്ചറിയുന്നതും. രാജീവ് motwani എന്ന വ്യക്തിയുടെ പേരിലുള്ളതായിരുന്നു ഈ ഫെല്ലോഷിപ്പ്. Stanford സർവകലാശാലയിലെ computer science വിഭാഗത്തിലെ ഒരു പ്രൊഫസറായിരുന്ന ഇദ്ദേഹത്തെക്കുറിച്ചു അധികമാരും ഒരു പക്ഷെ കേട്ടിട്ടുണ്ടാവില്ല.
ഗൂഗിൾ, paypal തുടങ്ങിയ നിരവധി പ്രശസ്ത കന്പനികളുടെ ഉപദേഷ്ടാവായിരുന്നു രാജീവ്. ഇദ്ദേഹത്തിന്റെ വിദ്യാർത്ഥികളായിരുന്നു ഗൂഗിൾ സ്ഥാപകരായ Larry ഉം Sergey ഉം. ഇവരുടെ PHD guide ആയിരുന്നപ്പോൾ അവരോടൊത്തു രചിച്ച page rank അൽഗോരിതത്തിനെപ്പറ്റിയുള്ള ഗവേഷണ പേപ്പർ ആണ് ഗൂഗിളിന്റെ സെർച്ച് സാങ്കേതികവിദ്യയുടെ ആധാരം. ഗൂഗിളിലെ ആദ്യത്തെ നൂറിലധികം ജീവനക്കാരും ഇദ്ദേഹത്തിന്റെ വിദ്യാർത്ഥികളായിരുന്നു. ജീവിച്ചിരിക്കുന്ന iron man എന്നറിയപ്പെടുന്ന Elon Musk ന്റെ ആദ്യത്തെ സംരംഭമായ paypal ന്റെ technical architecture വരച്ചു കൊടുത്തതും ഇദ്ദേഹം തന്നെ.
Terman ന്റെ പാത പിന്തുടർന്ന് തന്റെ വിദ്യാർത്ഥികളെ സംരംഭകരാകാൻ പ്രോത്സാഹിപ്പിച്ചും സ്വന്തം സന്പാദ്യത്തിൽ നിന്ന് പണം കൊടുത്തും സാങ്കേതിക ഉപദേഷ്ടാവായി പ്രവർത്തിച്ചും ഒട്ടനവധി സ്ഥാപങ്ങളുടെ ഉത്ഭവത്തിനും അഭിവൃദ്ധിക്കും രാജീവ് നിമിത്തമായി. ഏവരെയും പ്രതിഫലേഛ കൂടാതെ സഹായിക്കുന്ന പ്രകൃതക്കാരനായിരുന്ന ഇദ്ദേഹം സിലിക്കൺ വാലിയുടെ സവിശേഷതയായി കണക്കാക്കപ്പെടുന്ന pay it forward സംസ്കാരത്തിന്റെ തന്നെ ഉപജ്ഞാതാവായാണ് കണക്കാക്കപ്പെടുന്നത്. ഇദ്ദേഹത്തിന്റെ വീട്ടിൽ വച്ച് നടന്നിരുന്ന രാജീവ് സർക്കിൾ എന്ന കൂട്ടായ്മയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഞങ്ങൾ Startup Village ൽ Community Gathering മുതലായ കൂട്ടായ്മകൽ ആസൂത്രണം ചെയ്തത് പോലും
സിലിക്കൺ വാലിയിലെ അദൃശ്യ ശക്തികൾ
യഥാർത്ഥത്തിൽ സിലിക്കൺ വാലിയുടെ ഉത്ഭവത്തിനു കാരണമായതും അതിനു കരുത്തു പകരുന്നതും അപ്പോൾ sandhill റോഡോ അവിടെ സ്ഥിതി ചെയ്യുന്ന venture capital സ്ഥാപങ്ങളോ അല്ല. മറിച്ചു അദൃശ്യ ശക്തികളായി നിസ്വാർത്ഥ സേവനം നടത്തി വന്നിരുന്ന രാജീവിനെയും Terman യും പോലുള്ള അദ്ധ്യാപകരാണ്. ഇവരുടെ ശിക്ഷണത്തിൽ വളർന്നു വന്ന പ്രതിഭകളുടെ ഉത്ഭവസ്ഥാനം അന്വേഷിച്ചു മേല്പറഞ്ഞ venture capital സ്ഥാപങ്ങൾ stanford സർവകലാശാലയുടെ സമീപത്തുള്ള sandhill road ൽ വന്നടിയുകയായിരുന്നു.
ഈ അധ്യാപകരും അവരുൾപെടുന്ന വിദ്യാഭ്യാസ സ്ഥാപങ്ങളും പ്രദാനം ചെയ്യുന്ന ഭൗതികവും സാങ്കേതികവുമായ കരുത്തിന്റെ ആഴവും വ്യാപ്തിയും മൂലമാണ് പുതുപുത്തൻ ആശയങ്ങളുടെ ഒരു ഖനിയായിത്തന്നെ തീരുവാൻ ഈ കൊച്ചു പ്രദേശത്തിനായത്. അതിലെല്ലാമുപരി ധാർമികമായ തത്വശാസ്ത്രങ്ങളുടെ വക്താക്കളാണ് ഇവിടെ നിന്ന് വളർന്നു വരുന്ന സ്ഥാപനങ്ങളും അവയുടെ സ്ഥാപകരും എന്നതും ഈ ഗുരുക്കന്മാർ പകർന്നു നൽകിയ ആദർശങ്ങളുടെ ഫലമാണ്. അതിനാൽ തന്നെ ഇവിടെ നിന്ന് ഉത്ഭവിക്കുന്ന സ്ഥാപനങ്ങൾ പണം സന്പാദിക്കുന്നതിനേക്കാൾ മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നു. ഗൂഗിളിന്റെ “Dont be evil” എന്ന പ്രവർത്തന തത്വത്തിന്റെ പ്രചോദനം എവിടെ നിന്ന് എന്നതും അപ്പോൾ നമുക്ക് മനസിലാകുവാൻ സാധിക്കുന്നു.
സിലിക്കൺ വാലിയുടെ മുഖമുദ്രയെന്ന് വിശേഷിപ്പിക്കപ്പെടുന്ന രീതികൾ ഒരുവിധം എല്ലാം തന്നെ അദ്ധ്യാപനവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന സമൂഹത്തിൽ നിന്ന് കടമെടുത്തവയാണ്. ആശയങ്ങളുടെ ശക്തിക്കു പരമോന്നത പ്രാധാന്യം നൽകുക, ആശയങ്ങൾ തമ്മിൽ പങ്കു വക്കുക, വിശ്വാസത്തിലൂന്നിയുള്ള പ്രവർത്തന രീതികളൾ സ്വീകരിക്കുക, ഉപഭോക്താക്കളുടെ സേവനത്തിനു പ്രാധാന്യം നൽകുക, പരമാവധി സേവനങ്ങൾ സൗജന്യമായി നൽകുക, പ്രതിഫലേഛയില്ലാതെ ഏവരെയും സഹായിക്കുക, സാന്പത്തികമായും അല്ലാതെയുമുള്ള നേട്ടം ഉദാരമായി മറ്റുള്ളവരുമായി പങ്കു വെക്കുക തുടങ്ങിയവയെല്ലാം തന്നെ കാലാകാലങ്ങളായി അദ്ധ്യയന സമൂഹത്തിൽ അനുഷ്ഠിച്ചു വരുന്നവയാണ്. ഇവിടെയുള്ള സംരംഭകരുടെ ഇടയിൽ കാണപ്പെടുന്ന സുതാര്യമായ angel investing സംസ്കാരവും ഇതിന്റെ മറ്റൊരു ആവിർഭാവമാണ്. എന്തിനേറെപ്പറയുന്നു, ജോലി ചെയ്യാൻ ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്ന് എന്ന് വിശേഷിക്കപ്പെടുന്ന ഗൂഗിൾ തങ്ങളുടെ ക്യാംപസും പ്രവർത്തന രീതികളും ഒരു കോളേജ് ക്യാംപസിന്റെ മാതൃക അനുകരിച്ചല്ലേ സൃഷ്ട്ടിച്ചിരിക്കുന്നത്.
അദ്ധ്യാപകരുടെ മഹത്തായ പങ്ക്
എങ്ങനെ ഒക്കെ നോക്കിയാലും നല്ലൊരു സാങ്കേതിക സംരംഭകത്വ സംസ്കാരം വളർത്തുന്നതിൽ അദ്ധ്യാപകർ വഹിക്കുന്ന പങ്ക് നിർണ്ണായകമാണ്. പ്രത്യക്ഷവും പരോക്ഷവുമായി നമ്മുടെ നിരവധി അദ്ധ്യാപകർ ചെറുതും വലുതുമായ രീതികളിൽ നിസ്വാർത്ഥമായി പ്രവർത്തിച്ചതു കൊണ്ട് തന്നെയാണ് ഇന്ന് നമ്മൾ കാണുന്ന സംരംഭകത്വ സംസ്കാരം നമ്മുടെ campus കളിൽ തളിർക്കുവാൻ തുടങ്ങിയിരിക്കുന്നത്. എന്റെ പ്രവർത്തനകാലയളവിൽ അങ്ങനെയുള്ള ഒരുപാട് അദ്ധ്യാപകരുടെ പ്രയത്‌നങ്ങളെക്കുറിച്ചു അറിയുവാൻ ഇടയായിട്ടുണ്ട്. അതിലും പതിന്മടങ്ങു അദ്ധ്യാപകർ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട് എന്നതും തീർച്ചയാണ്.
നമ്മുടെ കലാലയങ്ങളിൽ നിന്ന് മികച്ച സംരംഭകരും സംരംഭങ്ങളും വന്നിട്ടുണെങ്കിൽ അതിന്റെ പിന്നിൽ പ്രോത്സാഹനവും മറ്റു സഹായസകരണങ്ങളുമായി ഒരു അധ്യാപകൻ എങ്കിലും കാണും എന്നത് സുനിശ്ചിതം. ഞങ്ങളുടെ സ്റ്റാർട്ടപ്പ് ആയ മോബ്മിയുടെ ആദ്യകാലങ്ങളിൽ എന്റെ സുഹൃത്തും സഹപ്രവർത്തകനും ആയിരുന്ന സഞ്ജയ്‌ക്കു അന്നത്തെ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കൽ ഡിപ്പാർട്മെന്റ് മേധാവി ആയിരുന്നു പ്രൊഫസർ അനിൽ ചെയ്തുകൊടുത്തിട്ടുള്ള ഉപകാരങ്ങൾ അതിനൊരു ഉദാഹരണം മാത്രമാണ്.
“When we set out to create a community of technical scholars in Silicon Valley, there wasn’t much here and the rest of the world looked awfully big. Now a lot of the rest of the world is here” — Frederick Terman
നമ്മുടേതു പോലുള്ള ഒരു സ്ഥിതിവിശേഷമായിരുന്നു തുടക്കത്തിൽ Terman ഉം നേരിട്ടത് എന്നത് അദ്ദേഹത്തിന്റെ ഈ വാക്കുകളിൽ നിന്ന് നമ്മുക്ക് ഉൾക്കൊള്ളാം. ഓരോ അദ്ധ്യാപകനും അവരവരുടെ കോളേജുകളിലെ സംരംഭകത്വ സംസ്കാരം വളർത്തുന്നതിനുള്ള അവസരം നമുക്ക് രാജീവിന്റെയും Terman ന്റെയും കഥകളിൽ നിന്നും തിരിച്ചറിയാം. ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളിലൂടെ സിലിക്കൺ വാലിയിൽ കണ്ടതിനു സമാനമായിട്ടുള്ള സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഒരു സംസ്‌കാരം നമ്മുടെ കൊച്ചു കേരളത്തിൽ വളർത്തിയെടുക്കാൻ നമുക്ക് നമുക്ക് പ്രയത്‌നിക്കുകയും ചെയ്യാം
സിലിക്കൺ വാലിയിലെ കൗതുകക്കാഴ്ചകൾ
ഞാൻ നേതൃത്വം വഹിച്ച SVSquare പദ്ധതിയുടെ ഭാഗമായിട്ടുള്ള സിലിക്കൺ വാലി പര്യടനത്തിൽ കൗതുകകരമായ ഒട്ടേറെ കാഴ്ചകളും ആശയങ്ങളും നേരിട്ടു അനുഭവിച്ചറിയാൻ ഇടയായി. അത്തരത്തിലുള്ള ഒരു അനുഭവത്തെക്കുറിച്ചാവട്ടെ ഇന്നത്തെ പംക്തി
എവർനോട്ട് സന്ദർശനം
Technology startup ലോകത്തെ iconic സ്ഥാപനങ്ങളിൽ ഒന്നാണ് എവർനോട്ട്. SVSquare പര്യടനത്തിൽ ഞങ്ങൾ സന്ദർശിച്ച കന്പനികളിൽ എവർനോട്ടും ഉണ്ടായിരുന്നു. സിലിക്കൺ വാലിയിലെ tech startup സംസ്കാരം പ്രത്യേകം എടുത്തു പറയേണ്ടതാണ്. തുറന്ന ഓഫീസ് രൂപകല്പനകൾ, സൗജന്യ ഭക്ഷണം, ആശയങ്ങൾ എഴുതാൻ പാകത്തിനുള്ള ideapaint ഭിത്തികൾ ഇതെല്ലാംതന്നെ എവർനോട്ടിലും കാണാം. സാധാരണയായി കണ്ടു വരാത്ത ചില കാര്യങ്ങളും എവർനോട്ട് സന്ദർശനത്തിൽ എനിക്കു കണ്ടു പഠിക്കുവാൻ സാധിച്ചു.
കൗതുകമുണർത്തിയ ഒരു കോഫി കൗണ്ടർ
കന്പനിയിൽ കയറുന്ന ഉടനെ റിസപ്ഷൻ ഏരിയയുടെ വലതു വശത്തായി ഒരു കോഫി കൗണ്ടർ. ഇത്തരത്തിലുള്ള കോഫി കൗണ്ടറുകൾ ഇപ്പോൾ ഏതൊരു ഓഫീസിലും സാധാരണമാണെന്നു പറയാം. എന്നാൽ വളരെ ശ്രദ്ധാപൂർവം കോഫി ഉണ്ടാക്കിത്തരുന്ന ഒരു വ്യക്തി ആ കോഫി കൗണ്ടറിൽ ഉണ്ടായിരുന്നു. ഇതു തികച്ചും അസാധാരണമാണ്. ഇത്തരം സ്ഥാപനങ്ങളിൽ ഇതുവരെ ഞാൻ കണ്ടു വന്നിട്ടുള്ള കോഫി കൗണ്ടറുകൾ “Help Yourself” മാതൃകയിലുള്ളവയാണ്. എന്നാൽ ഇവിടെ ഞങ്ങൾക്ക് കോഫി തന്ന് സല്ലപിച്ചതിനു ശേഷം അടുത്തയാളെയും വളരെ ഹാർദ്ദവമായി സ്വീകരിച്ചു കോഫി കൊടുത്തു സല്ലപിക്കുന്ന കാഴ്ചയാണ് ഞങ്ങൾക്ക് കാണാൻ സാധിച്ചത്.
അപ്പോഴേക്കും ഞങ്ങളുടെ ആതിഥേയനായ Troy Malone ഞങ്ങളെ വന്നു സ്വീകരിക്കുകയായിരുന്നു. ഇന്ത്യയിൽ നിന്നെത്തിരിക്കുന്ന ഞങ്ങളെ സ്വീകരിക്കുവാൻ ഇന്ത്യൻ ക്രിക്കറ്റ് റ്റീമിന്റെ ഒരു ജെർസി തരപ്പെടുത്തി അതും അണിഞ്ഞുകൊണ്ടാണ് Troy വന്നത്. ആഗോളതലത്തിൽ എവർനോറ്റിന്റെ ബിസിനസ് development ന്റെ മേൽനോട്ടം വഹിക്കുന്ന ഓഫീസർ ആയിരുന്നു Troy.
ബരിസ്റ്റയായി സിഇഒ
അറിയുവാനുള്ള ആഗ്രഹം അടക്കാൻ സാധിക്കാത്തതിനാൽ ഞങ്ങൾ ആദ്യം ചോദിച്ച ചോദ്യങ്ങളിൽ തന്നെ ഒന്നു പ്രതീക്ഷക്കു വിപരീതമായ ആ കോഫി കൗണ്ടറിനെപ്പറ്റിത്തന്നെയായിരുന്നു. അങ്ങനെ Troy യിൽ നിന്നു ഞങ്ങൾക്ക് അറിയാൻ സാധിച്ചത് കോഫി കൗണ്ടറിൽ ഞങ്ങളെ വരവേറ്റു ഞങ്ങൾക്ക് കാപ്പി ഉണ്ടാക്കി തന്ന വ്യക്തി ആ സ്ഥാപനത്തിലെ വളരെ സീനിയർ ആയ Vice President സ്ഥാനത്തുള്ള ഒരു ഓഫീസർ ആണെന്നുള്ളതാണ്. ആ സ്ഥാപനത്തിൽ സീനിയർ മാനേജ്മെന്റ് തലത്തിൽ പ്രവർത്തിക്കുന്ന എല്ലാ ഓഫീസർമാരും, CEO ഉൾപ്പടെ, ക്രമമായി ഇത്തരത്തിൽ ഒരു മണിക്കൂർ വീതം കോഫി കൗണ്ടറിൽ നിൽക്കേണ്ടതുണ്ടത്രേ.
ഉദ്ദേശം ലളിതമാണ്. സ്ഥാപനത്തിലുള്ളവർക്കു അവരുടെ മേലുദ്യോഗസ്ഥരെ പരിചയപ്പെടുന്നതിനും എല്ലാവർക്കും പരസ്പരം അനൗപചാരികമായ പശ്ചാത്തലത്തിൽ ബന്ധപ്പെടാനും അടുത്തറിയാനും ആണ് ഈ സന്പ്രദായം. ഇവരിൽ ആരൊക്കെ ഏതൊക്കെ സമയങ്ങളിലാണ് നിൽക്കുന്നത് എന്ന സമയവിവരങ്ങൾ സ്ഥാപനത്തിൽ എല്ലാവർക്കും കാണാവുന്ന രീതിയിൽ ഒരു ഓൺലൈൻ കലണ്ടറിലും രേഖപ്പെടുത്തിയിരിക്കുന്നു. ഏതെങ്കിലും ഒരാളെ ആർക്കെങ്കിലും കാണണമെങ്കിലും കൂടുതൽ പരിചയപ്പെടണമെങ്കിലും അദ്ദേഹത്തിന്റെ നിയുക്ത സമയം നേരത്തെ പറഞ്ഞ ഓൺലൈൻ കലണ്ടർ നോക്കി തിട്ടപ്പെടുത്തി ആ സമയം ഒരു കോഫി break ആയി plan ചെയ്തു കോഫി കൗണ്ടറിലേക്കു എത്താവുന്നതാണ്. ലളിതവും രസകരവുമായ ഈ വഴക്കം പ്രേമത്തിലെ നമ്മുടെ വിമൽ സാറുടെ ഭാഷയിൽ പറഞ്ഞാൽ സിംപിളും പവർഫുളും ആണ്.
വേണം മാറ്റം പ്രവർത്തന സംസ്കാരത്തിലും നയങ്ങളിലും
സ്തുത്യർഹവും പക്വതയാർന്നതുമായ ഒരു പ്രവർത്തന സംസ്കാരത്തിന് ഉടമയാണ് എവർനോട്ട് എന്നാണ് നമുക്ക് ഇതിൽനിന്നെല്ലാം മനസിലാക്കാൻ സാധിക്കുന്നത്. നമ്മുടെ ഏതെങ്കിലും പ്രമുഖ സ്ഥാപങ്ങളിലെ CEO അല്ലെങ്കിൽ MD നമുക്ക് ചായ തരുന്ന സ്ഥിതിവിശേഷം നമുക്ക് ആലോചിക്കാൻ പോലും കഴിയുമോ?
വ്യക്തികൾ തമ്മിൽ സംവാദവും ആശയവിനിമയവും നടക്കുന്നത് വഴി ആണ് അവരുടെ സർഗ്ഗശക്തിയും സഹവർത്തിത്വവും പരിപോഷിപ്പിക്കപ്പെടുന്നതെന്നു സമർത്ഥമായ സ്ഥാപനങ്ങൾ തിരിച്ചറിയുന്നു. അത്തരത്തിൽ ജീവനക്കാർ തമ്മിൽ കാണാനും സംസാരിക്കാനും നല്ല ബന്ധം ഉടലെടുക്കാനും സഹാകയമാവുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കുക എന്നത് ഏതൊരു കന്പനിയുടെയും ആവശ്യമാണ്. അതു വരുത്തിയെടുക്കുക എന്നുള്ളത് നേതൃത്വത്തിന്റെ ഉത്തരവാദിത്വവും. അറിവിന്റെ അതിപ്രസരവും, ഏകാഗ്രതയുടെ അഭാവവും, സ്വകാര്യ ഉപഭോഗത്തിനുതകുന്ന ഡിജിറ്റൽ ഉപകാരണങ്ങളിലുള്ള അമിത ആശ്രയവും നിലകൊള്ളുന്ന ഈ കാലഘട്ടത്തിൽ ഇതിനു ഒന്നുകൂടെ പ്രാധ്യാന്യം ഏറുന്നു.
മാനവവിഭവശേഷിയുടെ ഉത്പാദനക്ഷമത വർധിപ്പിക്കുന്ന നയങ്ങളാണ് നമ്മൾ നമ്മുടെ എല്ലാ സ്ഥാപനങ്ങളിലും അനുവർത്തിക്കേണ്ടത്. അതിനു തന്നെയാണ് ഏറ്റം പ്രാധാന്യം നൽകേണ്ടതും. അപ്പോഴേ ആ സ്ഥാപനത്തിന് അതിന്റെ യഥാർത്ഥ വളർച്ച പ്രാപ്യമാവുകയും അതിന്റെ ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും താല്പര്യങ്ങൾ അക്ഷരാർത്ഥത്തിൽ പരിരക്ഷിക്കപ്പെടുകയും ചെയ്യുന്നുള്ളു. ഇത്തരത്തിൽ ഉത്പാദനക്ഷമത വർധിപ്പിക്കുന്ന രീതികളാൽ നവീന സ്ഥാപനങ്ങൾ പടുത്തുയർത്തുകയാണ് നവസംരംഭകർ അവരുടെ startup കളിലൂടെ ചെയ്യുന്നത്.
അല്പം നർമവിശേഷങ്ങളും
ഉപസംഹരിക്കുന്നതിനു മുൻപ് എവർനോട്ടിനെപ്പറ്റി അല്പം നർമവിശേഷം കൂടി. നമ്മുടെ ഓർമക്കുറിപ്പുകൾ എല്ലാം തന്നെ ഡിജിറ്റലായി ശേഖരിച്ചു മൊബൈലോ കംപ്യൂട്ടറോ മറ്റേതെങ്കിലും ഡിജിറ്റൽ ഉപകരണം വഴിയോ നമുക്ക് എപ്പോഴും ലഭ്യമാക്കിത്തരുകയും ചെയ്യുന്ന ഒരു പ്രോഡക്റ്റാണ് എവർനോട്ട്. അവരുടെ ലോഗോ ആണെങ്കിലോ ഒരു ആനയുടെ പടവും. അങ്ങു അമേരിക്കയിലുള്ള എവർനോട്ട് എന്തിനു അവരുടെ ലോഗോ കേരളത്തിന്റെ സംസ്ഥാന മ്ര്യഗമായ ആനയുടെ പടമാക്കാൻ തിരുമാനിച്ചു? ഇതിന്റെ ഉത്തരവും ട്രോയ് തന്നെ പറഞ്ഞു തന്നു.
‘Elephants never forget’ എന്നു പഴമക്കാരുടെ ഇടയിൽ ഒരു ചൊല്ലുണ്ട്. ആനകൾ ഒന്നും മറക്കാറില്ലത്രേ. അതുപോലെ നമ്മുടെ മനസിൽ ഉടലെടുത്ത ആശയങ്ങളും ചിന്തകളും പകർത്തിയ കുറിപ്പുകൾ ഒരിക്കലും മറക്കാതെ നമുക്ക് വേണ്ടി സൂക്ഷിച്ചു തരുന്നു എവർനോട്ട് എന്നതിന് സൂചകമായാണ് അവരുടെ ലോഗോയിലെ ആന.
അവരുടെ ക്യാന്റീനിൽ ലഭിക്കുന്ന ഭക്ഷണവിഭവങ്ങൾക്ക് Hobbit പ്രമേയത്തിലുള്ള പേരുകളാണ്. എന്നാൽ ഇതു എവർനോട്ടിന്റെ സ്ഥാപകന് hobbit ചലച്ചിത്രത്തോടും പുസ്തകത്തോടും ഉള്ള കന്പം കാരണം മാത്രമാണത്രെ. കഥകളെല്ലാം കേട്ടറിഞ്ഞതിനു ശേഷം അവിടെ idea wall ഭിത്തിയിൽ ആരോ വരച്ചുവച്ചിരുന്നു ഒരു കുട്ടിക്കൊന്പന്റെ ചിത്രം എന്റെ മൊബൈലിന്റെ ക്യാമറയിൽ പകർത്തി ഞങ്ങൾ അവിടെ നിന്നു യാത്രയായി. ആ കുട്ടിക്കൊന്പന്റെ അരികിൽ എഴുതി വച്ചിരുന്നു “Elephants never forget”